നെല്ലിയാമ്പതി: ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന വൈദ്യുതിമുടക്കം നേരിടേണ്ടി വരുന്ന സ്ഥിതിയാണ് നെല്ലിയാമ്പതിയിൽ തുടരുന്നത്. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രഖ്യാപിച്ച വൈദ്യുതി ടവർ സ്ഥാപിക്കൽ പദ്ധതിയും അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികളുടെ ആശങ്ക വർധിക്കുകയാണ്.
മഴക്കാലമായാലും വേനൽക്കാലമായാലും വൈദ്യുതി മുടങ്ങുന്നത് നെല്ലിയാമ്പതിയിൽ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. വൈദ്യുതിവിതരണം നിലച്ചാൽ മൊബൈൽ ടവറുകളുടെ പ്രവർത്തനവും തടസപ്പെടുന്നതിനാൽ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങളും പൂർണമായും നിലയ്ക്കുന്നു. ഇതോടെ നെല്ലിയാമ്പതി പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായി മാറുകയാണ്. അടിയന്തര ആരോഗ്യസാഹചര്യങ്ങളിലും മറ്റ് അത്യാവശ്യ ആവശ്യങ്ങൾക്കും ബന്ധപ്പെടാൻ കഴിയാത്തത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
കൊല്ലങ്കോട് 110 കെവി സബ്സ്റ്റേഷനിൽ നിന്നാണ് പുല്ലുകാട്, ഗോവിന്ദാമല വഴി വനമേഖലയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലൂടെ ഊത്തുക്കുഴി വഴി പുലയമ്പാറ 33 കെവി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
വനമേഖലയിലൂടെ കടന്നുപോകുന്ന ഈ പ്രധാന ലൈനിലാണ് എല്ലാ കാലാവസ്ഥാ പ്രതിസന്ധികളുടെയും ആഘാതം കൂടുതലായി അനുഭവപ്പെടുന്നത്.
മഴക്കാലത്ത് മരങ്ങൾ കടപുഴകി വീഴുന്നതും വലിയ കൊമ്പുകൾ ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് പതിക്കുന്നതും വേനൽക്കാലത്ത് ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ കമ്പികളിൽ ഉരസുന്നതുമാണ് വൈദ്യുതി മുടക്കത്തിന് പ്രധാന കാരണം.
തകരാർ സംഭവിച്ചാൽ കെഎസ്ഇബി ജീവനക്കാർ വനമേഖലയിൽ കിലോമീറ്ററുകളോളം പരിശോധന നടത്തി തടസം കണ്ടെത്തി നീക്കിയശേഷമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂ. പലപ്പോഴും പ്രതികൂല കാലാവസ്ഥയും വനപ്രദേശത്തെ ദുർഘടമായ സാഹചര്യങ്ങളും അറ്റകുറ്റപ്പണികൾ വൈകാൻ ഇടയാക്കുന്നു.
ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം ലക്ഷ്യമിട്ടാണ് കൊല്ലങ്കോട് മുതൽ പുലയമ്പാറ വരെ വനമേഖലയിൽ വൈദ്യുതി ടവറുകൾ സ്ഥാപിച്ച് കൂടുതൽ സുരക്ഷിതമായ രീതിയിൽ വൈദ്യുതി എത്തിക്കുന്ന പദ്ധതി കെഎസ്ഇബി ആവിഷ്കരിച്ചത്.
പദ്ധതിക്ക് തുടക്കമിടാൻ വനംവകുപ്പിന്റെ അനുമതിക്കായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. പ്രാഥമിക പരിശോധനയിൽ മൂന്ന് ടവറുകൾ സ്ഥാപിച്ചാൽ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമവും തടസരഹിതവുമാക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.
ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോർട്ട് കെഎസ്ഇബി അധികൃതർ ബോർഡിന് സമർപ്പിച്ചെങ്കിലും മൂന്ന് വർഷം പിന്നിട്ടിട്ടും പദ്ധതിയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ എവിടെയെത്തിയെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.